-
India's First and the Largest State Electronics Components Manufacturer
May 18, 2025
കെൽട്രോൺ കണ്ണൂരിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മംഗളോദയം ഗ്രന്ഥശാല ബഹു. മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.
കെൽട്രോൺ കണ്ണൂരിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മംഗളോദയം ഗ്രന്ഥശാലയുടെയും സേതു കോർണറിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവ്വഹിച്ചു. ആലുവ കടുങ്ങല്ലൂർ ഗവ.ഹൈസ്ക്കൂളിൽ മേയ് 18, 2025 ന് നടന്ന ചടങ്ങിൽ സുപ്രസിദ്ധ എഴുത്തുകാരൻ ശ്രീ. സേതു, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സുരേഷ് മുട്ടത്തിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, കെൽട്രോൺ കോംപണൻറ് കോംപ്ലക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ. കെ.ജി.കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
കെൽട്രോൺ കോംപണൻറ് കോംപ്ലക്സ് ലിമിറ്റഡിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി (CSR) ഫണ്ടിൽ നിന്നും വകയിരുത്തിയ 2.5 ലക്ഷം രൂപ പ്രളയത്തിൽ തകർന്ന മംഗളോദയം ഗ്രന്ഥശാലയുടെ നവീകരണത്തിനും സേതു കോർണർ സ്ഥാപിക്കുന്നതിനുമായി നൽകിയതിലൂടെ ഈ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സാമൂഹ്യപ്രശ്നങ്ങൾ, പ്രകൃതിവിഭവങ്ങൾ, ചരിത്രസ്മാരകങ്ങൾ, പൊതുഗ്രന്ഥശാലകളുടെ പുനരുദ്ധാരണം, പാരിസ്ഥിതിക വിഷയങ്ങൾ എന്നിവയ്ക്കായി വിഭാവനം ചെയ്തിട്ടുള്ളതാണ് കെൽട്രോൺ കണ്ണൂരിന്റെ സി.എസ്.ആർ ഫണ്ട്.
നോവൽ, കഥ വിഭാഗങ്ങളിലായി നാൽപതോളം പുസ്തകങ്ങൾ രചിച്ച ശ്രീ. ഏ.സേതുമാധവൻ സേതു എന്ന പേരിൽ അറിയപ്പെടുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം മലയാള ചലച്ചിത്ര മേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ തന്നെ രചനയായ ‘ജലസമാധി’ തിരക്കഥയെഴുതി ചലച്ചിത്രമാക്കിയപ്പോൾ നാൽപ്പതിലേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത രചന ‘പാണ്ഡവപുരം’ ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും മലയാളത്തിലും ബംഗാളിയിലും ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു. നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന ശ്രീ.സേതു സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ചെയർമാൻ, സി.ഇ.ഒ പദവിയിലിരിക്കെ വിരമിച്ചു. ശ്രീമാൻ സേതുവിന്റെ കൃതികൾ ഉൾപ്പെടുന്ന സേതു കോർണറിൽ മലയാള സാഹിത്യ പഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.




